Sports

പാകിസ്താനെ തകർത്ത് ഇന്ത്യ സൂപ്പർ എട്ടിൽ

കൊളംബോ:തന്ത്രങ്ങൾ പലതും മെനഞ്ഞെത്തിയ പാകിസ്താനെ സ്വന്തം ശൈലിയിലുള്ള പന്തേറിലൂടെ ഇന്ത്യ വരിഞ്ഞുമുറുക്കി. ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയുംചേർന്ന് പാക് നിരയുടെ നട്ടെല്ലൊടിച്ചതോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ പാകിസ്താൻ ഒരിക്കൽക്കൂടി ഇന്ത്യക്ക് മുന്നിൽ തകർന്നടിഞ്ഞു. 61 റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യ സൂപ്പർ എട്ടിൽ കടന്നു.ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പറഞ്ഞ് കളംവിടാൻ നോക്കിയവർ ഒടുവിൽ കളിക്കാനിറങ്ങിയപ്പോൾ നേരിട്ടത് വലിയ ബാറ്റിങ് തകർച്ച. ഇഷാൻ കിഷന്റെ ആത്മവിശ്വാസം സ്ഫുരിച്ച പ്രകടനമാണ് ഇന്ത്യൻ ജയത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായം.പരസ്പരം കൈകൊടുക്കാതെ ശത്രുതയുടെ മുന കൂർത്ത മത്സരത്തിൽ, ആറ് സ്പിന്നർമാരെ അണിനിരത്തി ക്യാപ്റ്റൻ സൽമാൻ ആഗ തന്നെ ആദ്യം പന്തെറിഞ്ഞെത്തിയ പാകിസ്താന്റെ വിചിത്ര തന്ത്രങ്ങൾ പക്ഷേ ഇന്ത്യൻ കരുത്തിന് മുന്നിൽ വെറും കടലാസു പുലികളായി മാറി. ടോസ് ആനുകൂല്യം നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ,നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 18 ഓവറിൽ 114 റൺസിന് പുറത്തായി.ഇന്ത്യ ഉയർത്തിയ 176 വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ പാകിസ്താന് തുടക്കത്തിലേ കനത്ത തിരിച്ചടി നേരിട്ടു. അഞ്ചോവറിനിടെ പാകിസ്താന്റെ നാല് വിക്കറ്റുകൾ നിലംപൊത്തി.ഇന്ത്യൻ പേസർമാരുടെ കൃത്യതയാർന്ന പന്തുകൾക്ക് മുന്നിൽ പാക് മുൻനിര പതറുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ഓവറിൽ തന്നെ അപകടകാരിയായ സാഹിബ്‌സാദ ഫർഹാനെ പുറത്താക്കി.ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. അർഷ്ദീപിന്റെ അഭാവത്തിൽ പുതിയ പന്ത് ഏറ്റെടുത്ത പാണ്ഡ്യ, നാലാം പന്തിൽ തന്നെ ഫർഹാനെ (0) റിങ്കു സിങ്ങിന്റെ കരങ്ങളിലെത്തിച്ചു. സഞ്ജു സാംസണ് പകരം ടീമിലിടം നേടിയ ഓപ്പണർ അഭിഷേക് ശർമ റണ്ണൊന്നുമെടുക്കാതെ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ പുറത്തായി. സൽമാൻ ആഗയുടെ പന്തിൽ അഫ്രീദി ക്യാച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ ആറ് മത്സരങ്ങളിൽ നാലിലും അഭിഷേക് പൂജ്യത്തിനാണ് പുറത്തായത്. അഭിഷേക് ശർമയെയും ഹാർദിക് പാണ്ഡ്യയെയും പൂജ്യത്തിന് പുറത്താക്കാൻ സാധിച്ചു എന്നത് പാകിസ്താന് ആശ്വാസം നൽകുന്നു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...