Global

പശ്ചിമേഷ്യൻതീരത്ത് ആക്രമണങ്ങളിൽ 3 ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു : നാവികർക്ക് സുരക്ഷാമാർഗരേഖ പുറത്തിറക്കി

ന്യൂഡൽഹി : പശ്ചിമേഷ്യൻതീരത്തുണ്ടായ നാല് ആക്രമണങ്ങളിൽ 3 ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. വിദേശ കപ്പലുകളിൽ സഞ്ചരിച്ച നാവികർക്കാണ് ദുരന്തം സംഭവിച്ചത്.

കപ്പലിൽ ഉണ്ടായിരുന്ന മറ്റുള്ളവർ സുരക്ഷിതരാണ്. പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. പശ്ചിമേഷ്യയിലെ പ്രധാന സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന നാവികർക്ക് സുരക്ഷാമാർഗരേഖ പുറത്തിറക്കിയതായി ഷിപ്പിങ് ഡയറക്ടർ ജനറൽ അറിയിച്ചു.

യാത്രാവേളയിൽ ജാഗ്രത പുലർത്തണം; അപകടസാധ്യതകൾ വിലയിരുത്തി മതിയായ സുരക്ഷാമുൻകരുതലുകളെടുക്കണം. സുരക്ഷാ ഏജൻസികളുമായി ആശയവിനിമയം ഉറപ്പാക്കണം;

ഏതെങ്കിലും സംശയാസ്പദമായ സാഹചര്യമുണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യണം; സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമേ അപകടമേഖലകളിലേക്ക് സഞ്ചരിക്കാവൂ; ജീവനക്കാരെ നിയോഗിക്കുമ്പോൾ ഷിപ്പിങ് കമ്പനികൾ ജാഗ്രത പുലർത്തണം. എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

അപകടത്തിൽ മരിച്ച നാവികരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

ഇറാനിൽ കഴിയുന്ന ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങരുത്, വാർത്തകൾ ശ്രദ്ധിക്കണം,എംബസിയുടെ നിർദേശങ്ങൾ പാലിക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങൾ ഇന്ത്യക്കാർക്കു നൽകിയിട്ടുണ്ട്.

ടെഹ്റാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നു ഇന്ത്യൻ എംബസി. ഖോമിലേക്കാണ് ഇവരെ എത്തിച്ചിരിക്കുന്നത്. ഇവരുടെ യാത്ര, ഭക്ഷണം, താമസം എന്നിവയും ഒരുക്കിയിട്ടുണ്ട്.

എന്നാൽ ടെഹ്റാനിൽ നിന്ന് ചില വിദ്യാർത്ഥികൾ മാറാൻ സന്നദ്ധത കാണിച്ചിരുന്നില്ല. ഇവർ ഇപ്പോഴും അവിടെ തുടരുകയാണ്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...