National

രാജ്യത്ത് എൽപിജി ക്ഷാമം : വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം : ഇറാൻ-അമേരിക്ക സംഘർഷത്തെ തുടർന്ന് രാജ്യത്തു എൽപിജി ക്ഷാമം രൂഷം. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 10 ശതമാനം അധിക ഉൽപാദനം ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ട സമിതിക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി.

ഹോട്ടൽ മെനുവിൽ നിയന്ത്രണം നടപ്പിലാക്കണമെന്ന് ഭക്ഷണശാലകൾക്ക് നാഷണൽ റസ്റ്റോറൻസ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകി. കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങൾക്ക് മുൻഗണന നൽകണം, ഇന്ധനം ലാഭിക്കുന്ന രീതികൾ സ്വീകരിക്കണം, പാചക രീതിയിൽ മാറ്റം വരുത്തണം എന്നിങ്ങനെയാണ് നിർദേശങ്ങൾ. ഗ്യാസിന് പകരമായി ഇലക്ട്രിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക, ഉപഭോക്താക്കളുമായി കൃത്യമായ ആശയവിനിമയം നടത്തുക, ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

ഈ സാഹചര്യം തുടർന്നാൽ ഹോട്ടലുകൾ പൂട്ടിപ്പോകുന്ന അവസ്ഥയിലെത്തുമെന്ന് എൽപിജി വിതരണ അസോസിയേഷൻ ജനറൽ സെക്രട്ടറി ജി സനൽ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ നയത്തിൽ മാറ്റം വന്നില്ലെങ്കിൽ ഹോട്ടലുകൾ പൂട്ടുന്ന അവസ്ഥയെത്തും. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അത് സംഭവിക്കും.

യുദ്ധം തീരുന്നതുവരെ ഈ പ്രതിസന്ധി തുടരും. എൽപിജി കൊണ്ടുവരാനുള്ള പകരം സംവിധാനം സർക്കാർ കണ്ടെത്തണം. എൽപിജിയും എൽഎൻജിയും നേരിടുന്നത് ഒരേ പ്രതിസന്ധിയെന്നും ജി സനൽ കുമാർ വ്യക്തമാക്കി.

 ഹോർമുസ് കടലിടുക്ക് അടച്ചതിനേക്കാൾ കപ്പലുകൾക്ക് ഇൻഷുറൻസ് ചെയ്യുന്നത് കമ്പനികൾ നിർത്തലാക്കിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എൽപിജി വിതരണത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് പ്രാധാന്യം നൽകണമെന്നാണ് സംഘടനയും ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ എൽപിജി പ്രതിസന്ധി തുടങ്ങി.

പല കടകളിലും പാചകവാതകം കിട്ടുന്നില്ലെന്നാണ് പരാതി. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് സൂചന. എന്നാൽ ഊർജ ലഭ്യതയിൽ ആശങ്ക വേണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

കേന്ദ്ര സർക്കാർ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തും ഗൗരവമേറിയ സാഹചര്യമാണുള്ളതെന്ന് ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ സർക്കാർ ഇതുമായി ബന്ധപ്പെട്ട കമ്പനികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. സിലിണ്ടറുകളുടെ സ്റ്റോക്ക് ഉണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. 

വാണിജ്യ- വ്യവസായ മേഖലയിലേക്ക് നൽകേണ്ടുന്ന സിലിണ്ടറുകളിൽ നിയന്ത്രണം ഏർപ്പെടുത്താനും ഗാർഹിക ആവശ്യങ്ങൾക്ക് സിലിണ്ടറുകൾ നൽകാനുമാണ് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുള്ളതെന്നും സിലിണ്ടർ കമ്പനി അധികൃതർ പറയുന്നു. പ്രതിസന്ധി ഒഴിവാക്കും വിധം തീരുമാനത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്തെഴുതാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...