Sports

സൂര്യകുമാർ യാദവ് ഇന്ത്യൻ ടി20 ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കും: അടുത്ത ക്യാപ്റ്റനാവാൻ സഞ്ജു സാംസൺ

അഹമ്മദാബാദ് : ടി20 ലോകകപ്പ് കഴിയുന്നതോടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് അഭ്യൂഹങ്ങൾ. അടുത്ത ക്യാപ്റ്റൻ സാധ്യത നീളുന്നത് സഞ്ജു സാംസണിലേക്കാണ്. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ നേരിടുക ന്യൂസിലൻഡിനോടായിരിക്കും. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് കലാശപ്പോര്. സൂര്യകുമാറിന്‍റെ ക്യാപ്റ്റൻസിയിൽ ലോകകപ്പിൽ ഇന്ത്യ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ടീം ഇത്തവണ തോറ്റത്. സൂര്യകുമാറിന്‍റെ ക്യാപ്റ്റൻസിയ്ക്കതിരെ പരാതികളില്ലെങ്കിലും സ്വന്തമായി വ്യക്തിമുദ്ര പതിപ്പിക്കാൻ സൂര്യയ്ക്ക് സാധിച്ചിട്ടില്ല. യുഎസ്എയ്ക്കെതിരേ 84* റൺസ് നേടിയായിരുന്നു തുടക്കമെങ്കിലും പിന്നീട് നിറംമങ്ങി.

ഈ മത്സരത്തിനു ശേഷം പിന്നീട് 40 റൺസ് പിന്നിടാൻ പോലും സൂര്യയ്ക്ക് ഇതുവരെ കഴിഞ്ഞില്ല. എട്ട് മത്സരങ്ങളിൽ നിന്നായി 34.37 ശരാശരിയിലും 137.50 സ്‌ട്രൈക്ക് റേറ്റിലും 242 റൺസാണ് സൂര്യ കുമാർ യാദവ് നേടിയത്. ഇന്ത്യയ്ക്കായി ടി20യിൽ മാത്രമാണ് സൂര്യ കളിക്കുന്നത്.

2023 ഏകദിന ലോകകപ്പിനുള്ള ടീമിൽ ഉണ്ടായിരുന്നെങ്കിലും പ്രകടനം മോശമായിരുന്നു. പിന്നീട് ഏകദിനങ്ങളിൽ പരിഗണിച്ചിട്ടില്ല. ടീമിലേക്ക് അവസരം കാത്ത് ശ്രേയസ് അയ്യർ പുറത്തുണ്ട് എന്നതും സൂര്യയ്ക്ക് വെല്ലുവിളിയാണ്.

2024 ജൂലായ് മുതൽ ക്യാപ്റ്റനെന്ന നിലയിൽ സൂര്യയുടെ പ്രകടനം മികച്ചതാണ്. കാരണം അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഇന്ത്യ ഒരു ടി20 പരമ്പര പോലും തോറ്റിട്ടില്ല. ക്യാപ്റ്റൻസിയുടെ അടിസ്ഥാനത്തിൽ മാത്രം സൂര്യയെ തുടരാൻ ബിസിസിഐ അനുവദിച്ചേക്കില്ല.

സമീപകാലത്തായുള്ള സൂര്യയുടെ മോശം ഫോം അദ്ദേഹത്തിന് തിരിച്ചടിയാകും. ഈ വർഷം ഇതുവരെ 13 കളികളിൽ നിന്ന് 48.40 ശരാശരിയിൽ 484 റൺസ് നേടിയിട്ടുണ്ട്. പ്ലേയിങ് ഇലവനിൽ പോലും സ്ഥാനമുണ്ടായേക്കില്ലെന്ന അവസ്ഥയിൽനിന്ന് ലോകകപ്പിന്‍റെ ഫൈനലിനൊരുങ്ങുമ്പോൾ ടീമിന്‍റെ സ്റ്റാർ ബാറ്ററെന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ് സഞ്ജു സാംസൺ.

വെസ്റ്റിൻഡീസിനെതിരായ നിർണായക മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ സെമിയിലും ഇന്ത്യൻ ബാറ്റിങ്ങിൽ സഞ്ജു താരമായിരുന്നു. ഐപിഎല്ലിൽ രാജ്സ്ഥാൻ റോയൽസിനെ നയിച്ചുള്ള മികവും ക്യാപ്റ്റൻ സ്ഥാനത്തേക്ക് സഞ്ജുവിന്‍റെ പേര് ഉയർന്നുകേൾക്കാൻ കാരണമായിട്ടുണ്ട്. ഞായറഴ്ച നടക്കുന്ന ഫൈനൽ മത്സരം സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.

ഇന്ത്യ കപ്പ് നേടിയാൽ സഞ്ജുവിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ വലിയ തടസ്സങ്ങൾ ഉണ്ടാകില്ല.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...