Election 2026

വോട്ടെണ്ണാൻ ഇനി മണിക്കൂറുകൾ മാത്രം, നാളെ അറിയാം ജനമനസിന്റെ ട്രെൻന്റെന്താണെന്ന്

തിരുവനന്തപുരം : കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണുന്ന നാളെ രാവിലെ പത്ത് മണിയോടെ തന്നെ ട്രെൻഡ് വ്യക്തമാകും. ഉച്ചയോടെ ആരാണ് ഭരിക്കുന്നതെന്നതിൽ വ്യക്തതയാകും.

കേരളം,​ തമിഴ്നാട്,​ പശ്ചിമ ബംഗാൾ,​ അസം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളാണ് നാളെ പുറത്തു വരുന്നത്. ജനവിധിയിൽ ഭരണത്തുടർച്ചയോ മാറ്റമോ സംഭവിക്കുന്നത് എന്നതിന്‍റെ ആകാംക്ഷയിലാണ് ജനങ്ങൾ. രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ.

തപാൽ വോട്ടുകളായിരിക്കും ആദ്യം എണ്ണുക. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എട്ടരയോടെ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ഇവർക്ക് ക്യുആർ കോഡ് ഉള്ള പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്. 32,301 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. സ്ട്രോംഗ് റൂമുകളുടെ സുരക്ഷാ ചുമതല സിആർപിഎഫിനാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽ 100ലേറെ സീറ്റുകൾ നേടി ഭരണം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഭരണത്തുടർച്ച ഉറപ്പെന്നാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ. ഒന്നിലേറെ സീറ്റാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. തമിഴ്നാട്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.

പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടമായാണ് വിധിയെഴുതിയത്. ഇതിൽ ഫാൽത്ത മണ്ഡലത്തിൽ റീ പോളിങ് പ്രഖ്യാപിച്ചിരിക്കയാണ്. അതിനാൽ 293 ഇടങ്ങളിലെ വോട്ടുകളാണ് എണ്ണുന്നത്.

ഫാൽത്തയിൽ റീ പോളിങ് മെയ് 21 നാണ്. അസമിൽ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പുതുച്ചേരിയിൽ 30 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തിന്‍റെ ഫലമാണ് കാത്തിരിക്കുന്നത്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...