Crime

കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്ത് : കൊല്ലം സ്വദേശി പിടിയിൽ

കൊല്ലം: കൊറിയർ സർവീസ് വഴി മാരക രാസലഹരിമരുന്നായ എംഡിഎംഎ കടത്തിയ യുവാവ് കൊല്ലം സിറ്റി പൊലീസ് പിടിയിലായി. പട്ടത്താനം മൈത്രി നഗർ-23ശാന്ത ഭവനത്തില്‍ വിഷ്ണുലാല്‍ (25) ആണ് സിറ്റി ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. 101.07 ഗ്രാം എംഡിഎംഎയാണ് യുവാവിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്.

കൊറിയർ വഴി നഗരത്തില്‍ വ്യാപകമായി ലഹരിമരുന്ന് വില്‍പ്പന നടക്കുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിഷ്ണുലാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഡാൻസാഫ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു.

മധ്യപ്രദേശിലെ ഇൻഡോറില്‍ നിന്നും കൊല്ലം ഓലയില്‍കടവിലുള്ള സുഹൃത്തിന്‍റെ വിലാസത്തിലേക്ക് വിഷ്ണുലാല്‍ പാഴ്സല്‍ അയച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് തൊണ്ടി സഹിതം പ്രതിയെ പിടികൂടാൻ പൊലീസ് നീക്കം നടത്തിയത്. കൊല്ലം കടപ്പാക്കടയില്‍ ബസിൽ വന്നിറങ്ങിയ വിഷ്ണുലാലിനെ എസ്.ഐ വിനോദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.

ഓലയില്‍കടവിലുള്ള സുഹൃത്തിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാഴ്സലിൽ ഒളിപ്പിച്ച നിലയില്‍ 101.07 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.

ലഹരിമരുന്നിന്‍റെ ഉറവിടത്തെക്കുറിച്ചും മറ്റ് കണ്ണികളുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി. എസ്.ഐമാരായ മിഥുൻ, കണ്ണൻ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള കൊല്ലം സിറ്റി ഡാൻസാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...