Politics

സത്യപ്രതിജ്ഞ കഴിഞ്ഞു ചുമതലയേറ്റിട്ടും വകുപ്പ് വിഭജനത്തിൽ അവ്യക്തത, ഫിഷറീസ് വകുപ്പ് ആർക്ക് നൽകണമെന്ന ആശയകുഴപ്പം തുടരുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റിട്ടും വകുപ്പുവിഭജനം സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയില്ല. ചില വകുപ്പുകളുടെ കാര്യത്തിൽ തർക്കം നിലനിൽക്കുന്നതിനാലാണിത്. ഗവർണർ അംഗീകരിച്ച് തിങ്കളാഴ്ച വൈകിട്ടോടെ വിവിജ്ഞാപനമിറക്കാനായിരുന്നു ധാരണ.

എന്നാൽ, ഫിഷറീസ് വകുപ്പ് ആർക്ക് നൽകണമെന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് തടസ്സമായി നിൽക്കുന്നത്. ഇടതുസർക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവും രണ്ടുവകുപ്പുകളായി രണ്ടുമന്ത്രിമാർക്ക് കീഴിലാണുണ്ടായിരുന്നത്. ഇത് തുടരാനും ഉന്നതവിഭ്യാഭ്യാസം കോൺഗ്രസും പൊതുവിദ്യാഭ്യാസം ലീഗും ഏറ്റെടുക്കാനുമായിരുന്നു ധാരണ.

ഉന്നതവിദ്യാഭ്യാസം നൽകുമ്പോൾ ഫിഷറീസ് വകുപ്പ് അധികമായി നൽകണമെന്ന ആവശ്യം ലീഗ് മുന്നോട്ടുവെക്കുകയും ചെയ്തു. ഇതിനിടയിലാണ് കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിച്ചപ്പോൾ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരിഭവം ലത്തീൻസഭാപ്രതിനിധികൾ പ്രകടിപ്പിച്ചത്. ലത്തീൻ വിഭാഗത്തിൽനിന്ന് കോൺഗ്രസിന് മന്ത്രിമാരില്ലെങ്കിലും ഷിബു ബേബി ജോൺ ആ വിഭാഗത്തിൽനിന്നാണ്.

അതുകൂടി പരിഗണിച്ചാണ് കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ ധാരണയുണ്ടാക്കിയത്. എങ്കിലും, സഭയ്ക്കുള്ള അതൃപ്തി കണക്കിലെടുത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശൻ സഭാ നേതൃത്വത്തെ സന്ദർശിക്കുകയും ചെയ്തു. ഫിഷറീസ് വകുപ്പ് ആ മേഖലയിലുള്ളവരെക്കുറിച്ച് അറിവും പരിചയവുമുള്ളവർക്ക് നൽകണമെന്ന ആവശ്യമാണ് ലത്തീൻ വിഭാഗം മുന്നോട്ടുവെച്ചിട്ടുള്ളത്.

ഇത് പാലിക്കണമെങ്കിൽ, ഫിഷറീസ് ലീഗിന് നൽകാൻ കഴിയില്ല. അല്ലെങ്കിൽ ഉന്നതവിദ്യാഭ്യാസം കോൺഗ്രസും ഒഴിവാക്കേണ്ടിവരും.

ഫിഷറീസ് ഷിബു ബേബി ജോണിന് നൽകിയാൽ അദ്ദേഹത്തിന് നിശ്ചയിച്ച വനംവകുപ്പ് തിരിച്ചെടുക്കേണ്ടിവരും.

ആശയക്കുഴപ്പത്തിലായതോടെയാണ് വിജ്ഞാപനം ചൊവ്വാഴ്ചത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. ജലവിഭവവകുപ്പിനൊപ്പം രജിസ്‌ട്രേഷൻ വകുപ്പുകൂടി വേണമെന്ന ആവശ്യം കേരള കോൺഗ്രസും മുന്നോട്ടു വെക്കുന്നുണ്ട്. വൈദ്യുതിവകുപ്പ് വേണ്ടെന്ന കെ. മുരളീധരന്‍റെ നിലപാട് പരിഗണിച്ച് അദ്ദേഹത്തിന് ആരോഗ്യ വകുപ്പ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

ആരോഗ്യവകുപ്പ് പറഞ്ഞിരുന്ന എ.പി. അനിൽകുമാറിന് വൈദ്യുതിവകുപ്പ് നൽകും.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...