Kerala

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എസ്‌കലേറ്റർ അപകടം : വഞ്ചിനാട് എക്സ്പ്രസിന് പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം : സെൻട്രൽ റെയിൽവേ സ്റ്റേഷനിലുണ്ടായ എസ്‌കലേറ്റർ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുന്നതിനായി എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിന് പേട്ട സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. ജനപ്രതിനിധികളുടെയും പാസഞ്ചേഴ്സ് അസോസിയേഷന്‍റെയും നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് റെയിൽവേയുടെ ഈ നടപടി.

നിലവിൽ ആറുമാസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം പരിഗണിച്ച് ഇത് സ്ഥിരം സ്റ്റോപ്പായി നിലനിർത്താനാണ് സാധ്യത. വഞ്ചിനാട് എക്സ്പ്രസിൽ എത്തുന്ന നൂറുകണക്കിന് ഉദ്യോഗസ്ഥർക്കും മറ്റ് യാത്രക്കാർക്കും നഗരത്തിലേക്ക് പ്രവേശിക്കാൻ പേട്ടയിലെ സ്റ്റോപ്പ് വലിയ സഹായകമാകും.

ഇതോടെ സെൻട്രൽ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. മെയ് ആറിന് രാവിലെ പത്ത് മണിയോടെ വഞ്ചിനാട് എക്സ്പ്രസ് എത്തിയ സമയത്തായിരുന്നു സെൻട്രൽ സ്റ്റേഷനിൽ അപകടം നടന്നത്.

പ്ലാറ്റ്‌ഫോം നാലിൽ നിന്നും ഒന്നിലേക്ക് കടക്കാൻ എസ്‌കലേറ്ററിൽ കയറിയ യാത്രക്കാർ അപ്രതീക്ഷിതമായി എസ്‌കലേറ്റർ പിന്നിലേക്ക് കറങ്ങിയതോടെ താഴേക്ക് തെറിച്ചുവീഴുകയായിരുന്നു. എസ്‌കലേറ്റർ വലിയ ശബ്ദത്തോടെ പിന്നിലേക്ക് കറങ്ങിയതാണ് അപകടകാരണമെന്നും ആർപിഎഫ് ഉദ്യോഗസ്ഥർ സഹായിക്കാൻ എത്തിയില്ലെന്നും യാത്രക്കാർ ആരോപിച്ചിരുന്നു.

എന്നാൽ എസ്‌കലേറ്ററിന് സാങ്കേതിക തകരാറില്ലെന്നും ആരോ 'എമർജൻസി സ്റ്റോപ്പ് ബട്ടൺ' അമർത്തിയതാണ് പെട്ടെന്ന് നിന്നുപോകാൻ കാരണമായതെന്നുമാണ് റെയിൽവേയുടെ പ്രാഥമിക റിപ്പോർട്ട്. തമ്പാനൂർ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ കൂടുതൽ ട്രെയിനുകൾക്ക് പേട്ടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ചില ട്രെയിനുകൾ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കണമെന്നും ശുപാർശയുണ്ട്.

എന്നാൽ വഞ്ചിനാട് എക്സ്പ്രസ് ഒഴികെയുള്ള ട്രെയിനുകളുടെ കാര്യത്തിൽ റെയിൽവേ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...