Health

അമീബിക് മസ്തിഷ്കജ്വരം : കോതമംഗലത്ത് വയോധിക മരിച്ചു, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

കോതമംഗലം : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോതമംഗലത്ത് വയോധിക മരിച്ചു. നെല്ലിക്കുഴി പഞ്ചായത്തിൽ താമസിക്കുന്ന 73 കാരിയാണ് മരിച്ചത്. ആശുപത്രി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ ഏതാനും മാസം മുൻപ് രണ്ടുപേർക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചിരുന്നെങ്കിലും ചികിത്സയിലൂടെ സുഖപ്പെട്ടിരുന്നു.

ഈ മാസം 6-നാണ് വയോധികയിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത്. 8-ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചു.

അന്നു തന്നെ ആലുവായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗാവസ്ഥയിൽ കാര്യമായ വ്യത്യാസം കാണാതെ വന്നപ്പോൾ മൂന്നുദിവസം കഴിഞ്ഞ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇവിടെയാണ് മരിച്ചത്.

തൊഴിലുറപ്പ് തൊഴിലാളി കൂടിയായ വയോധിക കൃഷിയിടങ്ങളിലെ പണിക്കും പോകാറുണ്ടായിരുന്നു. ഇവർക്കൊപ്പം തൊഴിലുറപ്പ് പണിക്കുപോകുന്ന 20-ഓളം പേരെ പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണമില്ല. മരിച്ചയാളുടെ വീടിനുസമീപത്തെ 80-ഓളം വീടുകൾ സന്ദർശിച്ച് ആരോഗ്യവകുപ്പ് അധികൃതർ വിവരം ശേഖരിച്ചിരുന്നു.

കിണറുകളിൽ സൂപ്പർ ക്ലോറിനേഷനും നടത്തി. ചെറുവട്ടൂർ കുടുംബക്ഷേമ കേന്ദ്രത്തിൽ ചൊവ്വാഴ്ച അവലോകനയോഗം ചേർന്ന് രോഗപ്രതിരോധ നടപടി ഊർജിതമാക്കാൻ തീരുമാനിച്ചു. രോഗപ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള ബോധവത്കരണ പരിപാടി ബുധനാഴ്ച 11.30-ന് ആയക്കാടുള്ള തൃക്കാരിയൂർ ആരോഗ്യ ഉപകേന്ദ്രത്തിൽ നടത്തുവാനും തീരുമാനിച്ചു.

ജാഗ്രത പാലിക്കാൻ നിർദേശം നൽകി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ഈ മാസം 19 അമീബിക് മസ്തിഷ്കജ്വര കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 11 മരണങ്ങളും ഇതുവരെ ഈമാം രേഖപ്പെടുത്തിയിട്ടുണ്ട്. 2026-ൽ ഇതുവരെ സംസ്ഥാനത്ത് 115 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

28 മരണങ്ങളും ഈ വർഷം രേഖപ്പെടുത്തി. വെള്ളക്കെട്ടുകളിലും ജലാശയങ്ങളിലുമാണ് ഇവയുടെ സാന്നിധ്യമുള്ളത്. രോഗം തടയുന്നതിന് ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ ഹോട്ടലുകൾ, വാട്ടർതീം പാർക്കുകൾ, റിസോർട്ടുകൾ, നീന്തൽപരിശോധനാ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ നീന്തൽക്കുളങ്ങളിൽ ക്ലോറിൻ ലെവൽ പരിശോധിക്കും.

കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയാണ് രോഗം ബാധിക്കുന്നത്. ജില്ലയിൽ മരിച്ച സ്ത്രീ തൊഴിലുറപ്പ് തൊഴിലാളിയാണ്. കനാൽ വെള്ളത്തിൽ മുഖം കഴുകിയിരുന്നു എന്ന വിവരമാണ് ലഭിച്ചത്.

കുടുംബത്തിൽ അന്വേഷണം നടത്തുന്നുണ്ട്. നീന്തുന്നത് ആരോഗ്യവകുപ്പിൻ്റെ സർട്ടിഫിക്കറ്റുള്ള പൂളുകളിലാണെന്ന് ഉറപ്പുവരുത്തണം. ഡിഎംഒ ഡോ. ഷഹീർ നിർദേശം നൽകി.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...