Politics

കൊച്ചിയിൽ നരേന്ദ്ര മോദി എത്തുമ്പോൾ 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം: മാർച്ച് 11ന് മോദി കേരളത്തിൽ

കൊച്ചി : കേരളം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ മാർച്ച് 11ന് നരേന്ദ്ര മോദി കേരളത്തിലെത്തും. എൻഡിഎ ക്യാമ്പയിന്‍റെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. പിന്നീട് തിരെഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിക്കും.

റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും അന്ന് നിർവഹിക്കുമെന്നാണ് റിപ്പോർട്ട്. നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി തേവര മുതല്‍ എംജി റോഡിലൂടെ റോഡ് ഷോയും സംഘടിപ്പിക്കുന്നുണ്ട്. ഉച്ചയ്ക്ക് 1:30ഓടെ കൊച്ചിയിൽ ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും ഫ്ലാഗ് ഓഫ് കർമവും അദ്ദേഹം നിർവഹിക്കും.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (ബിപിസിഎൽ) കൊച്ചി എണ്ണശുദ്ധീകരണശാലയിലെ പോളിപ്രൊപ്പിലീൻ യൂണിറ്റിനു പ്രധാനമന്ത്രി തറക്കല്ലിടും. 5,500 കോടി രൂപയിലധികം നിക്ഷേപം വരുന്ന ഈ പദ്ധതിയുടെ പ്രതിവർഷ ഉൽപ്പാദനശേഷി 400 കിലോ ടൺ ആണ്. പാക്കേജിങ്, ഓട്ടോമോട്ടീവ് ഘടകങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, തുണിത്തരങ്ങൾ, ഗാർഹിക ഉൽപ്പന്നങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന അത്യന്താപേക്ഷിതമായ വസ്തുവാണു പോളിപ്രൊപ്പിലീൻ.

ഈ സൗകര്യം ഇന്ത്യയുടെ ആഭ്യന്തര പോളിമർ ഉൽപ്പാദനശേഷി വർധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുകയും വ്യവസായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതു സഹായകമാകും. റോഡ് അടിസ്ഥാനസൗകര്യമേഖലയിൽ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

2,650 കോടി രൂപയിലധികം ചെലവിൽ നിർമിച്ച ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള വിഭാഗത്തിന്‍റെ ആറുവരിപ്പാതയാണ് ഇതിൽ ആദ്യത്തേത്. മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ഈ പാത കാസർഗോഡ്-കണ്ണൂർ ജില്ലകൾ തമ്മിലും, മംഗളൂരുവും മുഴപ്പിലങ്ങാടുമുൾപ്പെടെ, സമീപപ്രദേശങ്ങൾ തമ്മിലുമുള്ള ബന്ധം കരുത്തുറ്റതാക്കും. കാസർഗോഡ്, ബേക്കൽ, പയ്യന്നൂർ, കണ്ണൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അഴീക്കൽ തുറമുഖവുമായുള്ള ബന്ധം വർധിപ്പിക്കാനും വിനോദസഞ്ചാരം, വ്യാപാരം എന്നിവയെ പിന്തുണയ്ക്കാനും ഈ പദ്ധതി സഹായിക്കും.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...