Crime

നെന്മാറ ഇരട്ടക്കൊല കേസ് : സാക്ഷികൾ മൊഴി മാറ്റി പറഞ്ഞു

പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസിൽ സാക്ഷികൾ മൊഴി മാറ്റി പറഞ്ഞു. പ്രതി ചെന്താമരയുടെ സഹോദരന്‍, സഹോദരന്‍റെ ഭാര്യ, അയല്‍വാസി എന്നിവരാണ് മൊഴി മാറ്റിയത്. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിന്‍റെ വിചാരണ തുടരുന്നത്.

കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണന്‍ കോടതിയില്‍ നിഷേധിച്ചു. രാധാകൃഷ്ണന്‍റെ ഭാര്യ രമയും, അയല്‍വാസി പൊന്നുകുട്ടിയും പൊലീസിന് നല്‍കിയ മൊഴികളില്‍ ചിലത് കോടതിയില്‍ നിഷേധിച്ചു. മൂന്നു പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

2025 ജനുവരി 27നാണ് ചെന്താമര പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. 2019 ല്‍ സുധാകരന്‍റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ഈ കേസില്‍ ഇരട്ട ജീവപര്യന്ത ശിക്ഷ ലഭിച്ച് ചെന്തമാര ജയിലിലാണ്.

ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്. തന്‍റെ കുടുംബം തകരാന്‍ കാരണം അയല്‍വാസികളാണെന്ന ചിന്തയാണ് ചെന്താമരയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്.

സജിതയെ കൊന്ന കേസിൽ പരോളിൽ ഇറങ്ങിയപ്പോഴാണ് മറ്റ് രണ്ട് കൊലകൾ പ്രതി ചെയ്തത്. ഈ കുടുംബത്തോടുള്ള അടങ്ങാത്ത പകയാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...