Politics

5,000 ബിജെപി വോട്ടുകിട്ടുമെന്ന് ജി സുധാകരൻ : മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം മാത്രമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരി

ആലപ്പുഴ: തനിക്ക് 5,000 ബിജെപി വോട്ടുകിട്ടുമെന്ന് അമ്പലപ്പുഴ മണ്ഡലം യുഡിഎഫ് സ്വതന്ത്രൻ ജി. സുധാകരന്‍റെ പരാമർശത്തിനെതിരേ രൂക്ഷവിമർശവുമായി ബിജെപി. സുധാകരൻ ഉണ്ടയില്ലാവെടി പൊട്ടിക്കുകയാണെന്ന് ബിജെപി. നോർത്ത് ജില്ലാ സെക്രട്ടറി പി.കെ. ബിനോയ് പരിഹസിച്ചു.

മലർപ്പൊടിക്കാരന്‍റെ ദിവാസ്വപ്നം മാത്രമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരിയും പറഞ്ഞു. സുധാകരന്‍റെ പരാമർശത്തിൽ കോൺഗ്രസും വെട്ടിലായിരിക്കുകയാണ്. കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ അദ്ദേഹം പോയശേഷം നടത്തിയ പ്രസംഗത്തിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്.

ആർഎസ്എസുകാരല്ല, മറിച്ച് സാധാരണ ബിജെപി പ്രവർത്തകരുടെ വോട്ടിന്‍റെ കാര്യമാണു താൻ പറഞ്ഞതെന്ന് സുധാകരൻ പിന്നീടു വിശദീകരിച്ചു. സ്ഥാനാർഥിയുടെ മികവു നോക്കി ഇങ്ങനെ വോട്ടുചെയ്യുന്നവരുണ്ടെന്നും വിശദീകരിച്ചു. ചില മണ്ഡലങ്ങളിൽ സിപിഎം-ബിജെപി ഡീൽ നടക്കുന്നുവെന്ന് കോൺഗ്രസ് സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തുമ്പോഴാണ് യുഡിഎഫ് പിന്തുണയ്ക്കുന്ന സ്ഥാനാർഥി തന്നെ ബിജെപി വോട്ട് കിട്ടുമെന്ന് പറഞ്ഞത്.

ഇത് കോൺഗ്രസിനെ വെട്ടിലാക്കി. അമ്പലപ്പുഴ എംഎൽഎയായ സിപിഎമ്മിലെ എച്ച്. സലാം ഇതു ചൂണ്ടിക്കാട്ടി രംഗത്തുവന്നിരുന്നു. മണ്ഡലത്തിൽ കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥിയായിരുന്ന അനൂപ് ആന്‍റണിക്ക് 22,389 വോട്ടാണു കിട്ടിയത്.

ഇത്തവണ അതിനൊപ്പമോ കൂടുതലോ നേടേണ്ടത് ബിജെപിയുടെ അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്. അരുൺ അനിരുദ്ധനാണു ബിജെപി സ്ഥാനാർഥി. തനിക്ക് 90,000 വോട്ടുകിട്ടുമെന്നാണു കണക്കുകൾ ഉദ്ധരിച്ച് സുധാകരൻ പറഞ്ഞത്. കഴിഞ്ഞതവണ കോൺഗ്രസ് സ്ഥാനാർഥി എം. ലിജുവിനു കിട്ടിയ 50,240 വോട്ട് അടിസ്ഥാനമാക്കിയായിരുന്നു കണക്കുകൂട്ടൽ.

വിവിധ മേഖലകളിൽനിന്ന് വ്യക്തിപരമായി കിട്ടാവുന്ന വോട്ടുകൂടി ചേർത്താണ് 90,000 എന്നു കണക്കാക്കിയത്. സിപിഎമ്മിലെ അസംതൃപ്തരുടെ വോട്ടും സുധാകരൻ ലക്ഷ്യമിടുന്നു. സുധാകരനു വ്യക്തിപരമായി കിട്ടാവുന്ന വോട്ടിലാണ് യുഡിഎഫിന്‍റെയും പ്രതീക്ഷ.

കഴിഞ്ഞതവണ എച്ച്. സലാമിന് 61,365 വോട്ടാണു കിട്ടിയത്. 2011-ൽ ജി. സുധാകരനു കിട്ടിയ 63,728 വോട്ടാണ് ഇവിടത്തെ ഏറ്റവും ഉയർന്ന വോട്ടുനില.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...