Kerala

കടലിരമ്പം പോലെ ഉയർന്ന മുദ്രാവാക്യങ്ങൾക്കും തെരഞ്ഞെടുപ്പ് ആവേശത്തിനും ഒടുവിൽ കൊട്ടികലാശമായി, ഇനി നിശബ്ദ പ്രചരണത്തിന്‍റെ മണിക്കൂറുകൾ

തിരുവനന്തപുരം: നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു. മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ സംസ്ഥാനമാകെ ആവേശം അലതല്ലി. നഗര കേന്ദ്രങ്ങളും ഗ്രാമങ്ങളും രാഷ്ട്രീയ പാർട്ടികളുടെ കൊടികളും മുദ്രാവാക്യങ്ങളാലും സമ്പന്നമായി.

നാടും നഗരവും ഒന്നാകെ ആവേശം അലയടിച്ചുയർന്നപ്പോൾ കൊട്ടിക്കലാശം ഇക്കുറി അത്യന്തം ആകർഷകമായി. ദിവസങ്ങൾ നീണ്ടുനിന്ന പോർവിളിക്കൊടുവിൽ ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആവേശമാക്കാൻ സ്ഥാനാർഥികളും പ്രവർത്തകരും അരയും തലയും മുറുക്കി രംഗത്തെത്തി. റോഡ് ഷോയും റാലികളുമായാണ് സ്ഥാനാ‍ർഥികളും പ്രവർത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്.

വ്യത്യസ്തങ്ങളായ കാഴ്ചകളാലും കൊട്ടിക്കലാശം ആവേശമായി മാറി. ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കി മുന്നണികൾ മാറ്റി. പതിവുപോലെ പേരൂർക്കടയായിരുന്നു ഇക്കുറിയും കൊട്ടിക്കലാശത്തിലെ ശ്രദ്ധാ കേന്ദ്രം.

മൂന്ന് സ്ഥാനാർഥികളും ക്രയിനിലേറി കൈവീശി കാട്ടിയായിരുന്നു അണികളെ ആവേശത്തിലാക്കിയത്. എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് കൂളിംഗ് ഗ്ലാസ് വച്ച് പ്രവർത്തകരെ കൈവീശി കാട്ടിയപ്പോൾ എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ കിരിടം വച്ചായിരുന്നു ക്രയിനിലേറിയത്. യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ കോൺഗ്രസ് ഷാളണിഞ്ഞായിരുന്നു പ്രത്യക്ഷപ്പെട്ടത്.

കടലിരമ്പം പോലെ ഉയർന്ന മുദ്രാവാക്യങ്ങൾക്കും തെരഞ്ഞെടുപ്പ് ആവേശത്തിനും ഒടുവിൽ 6 മണിക്ക് കൊട്ടികലാശമായി. ഇനി നിശബ്ദ പ്രചരണത്തിന്‍റെ മണിക്കൂറുകളാണ്. അടുത്ത 5 വർഷത്തേക്ക് സംസ്ഥാനം ആര് ഭരിക്കണെന്ന വിധി കേരളം മറ്റന്നാൾ കുറിക്കും.

2.71 കോടി വോട്ടര്‍മാരാണ് കേരളത്തിന്‍റെ വിധിയെഴുതുക. 

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...