Politics

ദീപികയിൽ വരുന്ന എല്ലാ അഭിപ്രായങ്ങളും സഭയുടെ അഭിപ്രായങ്ങളല്ല, അത് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന ചുമതലയാണ് താൻ ചെയ്തത്: ഷോൺ ജോർജ്

കൊച്ചി: ദീപിക പത്രത്തിനെതിരായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. സഭയ്‌ക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. ബിജെപിയും പറഞ്ഞിട്ടില്ല.

ദീപികയിൽ വരുന്ന എല്ലാ അഭിപ്രായങ്ങളും സഭയുടെ അഭിപ്രായങ്ങളല്ലെന്നും അത് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന ചുമതലയാണ് താൻ ചെയ്തത് എന്നും ഷോൺ ജോർജ് പറഞ്ഞു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഷോൺ ജോർജ്.

സഭയുടെ ആകുലതകൾ പരിഗണിച്ചാണ് ബിജെപി എഫ്‌സിആർഎ ഭേദഗതി ചർച്ചയ്ക്കായി മാറ്റിവെച്ചത്. ആ സമീപനത്തിൽ സഭ സന്തുഷ്ടരാണ് എന്നും സഭയുടെ പ്രതിനിധി സംഘം ചർച്ചയിൽ പങ്കെടുക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു. പിന്നാലെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമർശത്തിനും ഷോൺ മറുപടി നൽകി. പിതാവ് പറഞ്ഞതിൽ ചില കാര്യങ്ങൾ തനിക്ക് ഇഷ്ടപ്പെട്ടു.

ഒളിച്ചും പാത്തും നിലപാട് പറയേണ്ട കാര്യമില്ലെന്നും ഇനിയുള്ള കാലം ആ നിലപാട് ബിജെപിക്ക് അനുകൂലമായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. ക്രൈസ്തവരെ ബിജെപിയുമായി അടുപ്പിക്കുന്ന ചുമതലയുള്ളയാളാണ് താൻ എന്നും ഷോൺ ജോർജ് പറഞ്ഞു.

പാർട്ടി തന്നെ ഏൽപ്പിച്ച ജോലിയാണ് അത്. തെരഞ്ഞെടുപ്പ് ദിനത്തിൽ ദീപിക പത്രത്തിലെ വാർത്ത ഏതൊരു ക്രൈസ്തവനെപ്പോലെ എന്നെയും വേദനിപ്പിച്ചുവെന്നും ഷോൺ ജോർജ് പറഞ്ഞു. ഈ നിലപാടിലെ അഭിപ്രായ വ്യത്യാസം സിറോ മലബാർ സഭാ നേതൃത്വത്തെ അറിയിച്ചതായും രാഷ്‌ട്രീയ ലാഭം നോക്കാതെ കത്തോലിക്കാ സഭയ്ക്കൊപ്പം നിലകൊണ്ടയാളാണ് പി സി ജോർജ്ജ് എന്നും ഷോൺ ജോർജ് പറഞ്ഞു.

ദീപികയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് ഷോൺ ജോർജും ഉയർത്തിയിരുന്നത്. ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന ആഹ്വാനമുള്ള തെരഞ്ഞെടുപ്പ് ദിനത്തെ പ്രതികരണമാണ് ഷോണിനെ ചൊടിപ്പിച്ചത്. ദീപികയിലെ ചില വ്യക്തികൾ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിക്കുകയാണ് എന്നുമാണ് ഷോൺ ജോർജ് പറഞ്ഞത്.

സഭയുടെ മുഖപത്രം സഭയുടെ താത്പര്യങ്ങളാണ് സംരക്ഷിക്കേണ്ടത്. നിക്ഷേപകർ എഡിറ്റോറിയൽ പോളിസിയിൽ ഇടപെടുന്നുണ്ടോ എന്നറിയാൻ സഭയുടെ മക്കളായ ഞങ്ങൾക്കെല്ലാം അവകാശമുണ്ട്. സഭയുടെ ആശങ്കകൾ എല്ലാം ബിജെപി അംഗീകരിച്ചു. എന്നാൽ ദീപികയിൽ വരുന്നത് കോൺഗ്രസ് പരസ്യങ്ങളാണ്. പിതാക്കന്മാരുടെ ലേബലിൽ യുഡിഎഫിന് വേണ്ടി ചിലർ വിടുപണി ചെയ്യുകയാണ്. ദീപിക ഇത് നിർത്തണമെന്നും ഷോൺ ജോർജ് പറഞ്ഞിരുന്നു.


more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...