Sports

ഇന്ത്യയും ഓസ്ട്രേലിയയും പൗരത്വവും ടീമിന് വേണ്ടി കളിക്കാനുള്ള അവസരവും എനിക്ക് വാഗ്ദാനം ചെയ്തിരുന്നു : അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ

അഫ്ഗാനിസ്ഥാൻ : സ്പിന്നര്‍ റാഷിദ് ഖാന് ഇന്ത്യന്‍ പൗരത്വവും ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. 'In Rashid Khan: From Streets to Stardom' എന്ന റാഷിദ് ഖാന്‍റെ ജീവചരിത്ര പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയയും തന്നെ സമീപിച്ചിരുന്നതായി റാഷിദ് ഖാന്‍ പറയുന്നു. 

'പൗരത്വവും കളിക്കാനുള്ള ഓഫറും ഇരു രാജ്യങ്ങളില്‍ നിന്നും ലഭിച്ചിരുന്നു. ഞാന്‍ എന്‍റെ രാജ്യത്തിനു വേണ്ടി മാത്രമെ കളിക്കുകയുള്ളൂ. മറ്റൊരു രാജ്യത്തിനു വേണ്ടിയും കളിക്കില്ല'' എന്നായിരുന്നു റാഷിദ് ഖാന്‍റെ മറുപടി.

2023 ലെ ഐപിഎല്‍ സീസണിനിടെയായിരുന്നു റാഷിദ് ഖാന് ബിസിസിഐയില്‍ നിന്നും ഓഫറുണ്ടായിരുന്നത്.  ഗുജറാത്ത് ടൈറ്റന്‍സിലെ ഒഫീഷ്യല്‍ വഴി ബിസിസിഐയിലെ ഉന്നതന്‍ കാണാന്‍ വന്നു. സംസാരിക്കുന്നതിനിടെ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ മോശമാണെന്ന കാര്യം സൂചിപ്പിച്ചു.

ഇന്ത്യയില്‍ രേഖകള്‍ നല്‍കാമെന്നും ഇവിടെ താമസിക്കാമെന്നും ക്രിക്കറ്റ് കളിക്കാമെന്നുമായിരുന്നു വാഗ്ദാനം. ഇതു കേട്ട് ഞെട്ടിപോയെന്നും എന്താണ് പറയേണ്ടതെന്ന് അറിയാതെ നിന്നുവെന്നും റാഷിദ് ഖാന്‍ പറയുന്നു. എങ്ങനെയാണ് ഓസ്ട്രേലിയ സമീപിച്ചതെന്ന് റാഷിദ് ഖാന്‍ വെളിപ്പെടുത്തിയിട്ടില്ല. 

2018ലെ ഐപിഎല്ലില്‍ സണ്‍ റൈസേഴ്സിനു വേണ്ടി കളിക്കുന്ന സമയത്ത് റാഷിദ് ഖാനെ ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 10 പന്തില്‍ 34 റണ്‍സും മൂന്നു വിക്കറ്റും നേടിയ മത്സരത്തോടെയാണ് ഇങ്ങനെയൊരു ആവശ്യം ഉയര്‍ന്നത്. അന്നത്തെ വിദേശകാര്യമ മന്ത്രി സുഷമ സ്വരാജിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു റാഷിദ് ഖാന് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നാവശ്യപ്പെട്ടുള്ള എക്സ് പോസ്റ്റ്.

ഈ വിഷയം അന്നത്തെ അഫ്ഗാന്‍ പ്രസിഡന്‍റ് അഷറഫ് ഘനിയുടെ ശ്രദ്ധയിലുമെത്തിയിരുന്നു. റാഷിദ് ഖാന്‍ രാജ്യത്തിന്‍റെ അഭിമാനമാണെന്നും മറ്റൊരു രാജ്യത്തിനും നല്‍കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഇതിനോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ ടീമില്‍ തുടരുമെന്ന് അന്നും റാഷിദ് ഖാന്‍ പറഞ്ഞിരുന്നു.

നംഗർഹാറിൽ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള റാഷിദന്‍റെ യാത്രയാണ് ഈ പുസ്തകം പറയുന്നത്. മുഹമ്മദ് ഹാന്ദ് ജാഫറാണ് പുസ്തകത്തിന്‍റെ രചയിതാവ്. 

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...