National

തൃശ്ശൂർ വെടിക്കെട്ടു പുരയിലെ സ്ഫോടനം : മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, സബ് ഡിവിഷണൽ മജിസ്ടേറ്റായ തൃശൂർ ആർഡിഒ അപകട കാരണം അന്വേഷിക്കും

തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപ സഹായധനം നൽകുമെന്നും മോദി അറിയിച്ചു.

‘തൃശൂരിലെ പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞ വാർത്തയറിഞ്ഞതിൽ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ’. പ്രധാനമന്ത്രി എക്സിൽ കുറിച്ചു. 

ഇന്ന്  മൂന്നരയോടെ തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേര്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 13 പേര്‍ ചികിത്സയിൽ തുടരുകയാണ്. ഒരാള്‍ വെന്‍റിലേറ്ററിലാണുള്ളത്.

ആശുപത്രിയിൽ കഴിയുന്നവരിൽ 5 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് 70 ശതമാനം പൊളളലേറ്റിട്ടുണ്ട്.  40ഓളം പേരാണ് സ്ഥലത്തുണ്ടായിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന വിവരമാണ് പുറത്ത് വരുന്നത്. 

5 ഏക്കറിലായി 8 വെടിപ്പുരകളാണ് ഉണ്ടായിരുന്നത്. ഇതിൽ 5 പുരകൾ പൂർണമായി കത്തി നശിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.  പ്രദേശത്ത് സ്ഫോടക വസ്തുക്കൾ ഇനിയും പൊട്ടാതെ കിടക്കുന്നതായുള്ള സൂചനയുണ്ട്.

അപകടത്തിൽ പ്പെട്ടവരിലേറെയും മുണ്ടത്തിക്കോട് - കുണ്ടന്നൂർ സ്വദേശികളാണ്. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസെൻസി മുണ്ടത്തിക്കോട് സതീശന്‍റെ നില അതീവ ഗുരുതരമെന്ന വിവരം പുറത്തുവരുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ 50 ലക്ഷം രൂപ കേരള സര്‍ക്കാര്‍ അനുവദിച്ചു.

അപകടം സംബന്ധിച്ച് മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടിരിക്കുകയാണ്. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണൽ മജിസ്ടേറ്റായ തൃശൂർ ആർഡിഒയെ ചുമതലപ്പെടുത്തി.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...